തൂഫാന് 2.0
ഓപ്പറേഷൻ തൂഫാൻ 2.0
കേരള പോലീസിന്റെ അഭിമാനകരമായ ലഹരിവിരുദ്ധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' ആദ്യഘട്ടത്തിൽ ലഹരി വിതരണ ശൃംഖലകൾ തകർക്കുന്നതിലും, അന്തർസംസ്ഥാന ബന്ധങ്ങൾ കണ്ടെത്തുന്നതിലും, സംഘടിത ലഹരി മാഫിയകളുടെ സാമ്പത്തിക സ്രോതസ്സുകൾ മരവിപ്പിക്കുന്നതിലും വലിയ വിജയമാണ് കൈവരിച്ചത്. എന്നാൽ കർശനമായ നിയമപാലന നടപടികളിലൂടെ മാത്രം ഇതിനൊരു ശാശ്വത പരിഹാരം സാധ്യമല്ല. ലഹരിക്കെതിരായ പോരാട്ടത്തിൽ 'ലഹരിയുടെ ആവശ്യം കുറയ്ക്കലും', 'പ്രാരംഭ ഘട്ടത്തിലുള്ള ഇടപെടലുകളും', ചികിത്സ, പുനരധിവാസം, സാമൂഹിക പുനഃസംയോജനം എന്നിവ താഴെത്തട്ടിൽ നിന്ന് തന്നെ ആരംഭിക്കേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തിൽ, ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം കേവലമൊരു പോലീസ് കേന്ദ്രീകൃത നടപടി എന്നതിലുപരി ഒരു സമഗ്ര 'ജനകീയ മുന്നേറ്റം' ആയാണ് വിഭാവനം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേരള പോലീസ്, കുടുംബശ്രീ, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യനീതി, യുവജനകാര്യ തുടങ്ങിയ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിത ഇടപെടലിലൂടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പോലീസ് സ്റ്റേഷനുകളിൽ നിന്ന് വാർഡുകളിലേക്കും വീടുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യം.
ശിക്ഷാ നടപടികൾക്ക് അപ്പുറം, ഇരകളെ മുൻകൂട്ടി കണ്ടെത്തുക, ലഹരി ഉപയോഗത്തിലേക്ക് വഴുതിപ്പോകാൻ സാധ്യതയുള്ളവരെയും ഇതിനകം ഉപയോഗത്തിൽപ്പെട്ടവരെയും ആവശ്യമായ കൗൺസിലിംഗ്, ചികിത്സ, പുനരധിവാസം എന്നിവ ഉറപ്പാക്കുക, ലഹരി വ്യാപനത്തിനെതിരെ ശക്തമായ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുക എന്നിവയാണ് രണ്ടാം ഘട്ടത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ.
1.ലഹരിയുടെ ആവശ്യം കുറയ്ക്കൽ
ശക്തമായ ജനകീയ ഇടപെടലുകളിലൂടെ ലഹരിയോടുള്ള സാമൂഹിക താല്പര്യം കുറച്ചുകൊണ്ടുവരിക. ബോധവൽക്കരണം, കുടുംബതല ഇടപെടൽ, യുവജന പങ്കാളിത്തം എന്നിവയിലൂടെ ആകർഷണവും ഉപയോഗസാധ്യതയും കുറയ്ക്കുക.
2. വാർഡ് തല ജാഗ്രതാ സംവിധാനം
സംസ്ഥാനത്തെ 20,999 വാർഡുകളെയും (പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ) ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രാഥമിക സാമൂഹിക ഇടപെടൽ കേന്ദ്രങ്ങളാക്കി മാറ്റുക.
3.സമഗ്ര പുനരധിവാസം
ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായി കാണാതെ, കൗൺസിലിംഗ്, ചികിത്സ, ഡി-അഡിക്ഷൻ സേവനങ്ങൾ, മാനസിക പിന്തുണ എന്നിവ നൽകി സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക.
4.രഹസ്യ വിവരശേഖരണം
ലഹരി വിൽപ്പന, വിതരണം, ഉപയോഗം, ഹോട്ട്സ്പോട്ടുകൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് സുരക്ഷിതമായും രഹസ്യാത്മകമായും പോലീസിനെ അറിയിക്കാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുക.
5.യുവജന-വിദ്യാർത്ഥി പങ്കാളിത്തം
യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ഊർജ്ജവും കഴിവുകളും കായികം, കല, സാംസ്കാരിക പ്രവർത്തനങ്ങൾ, സാമൂഹിക സേവനം എന്നിവയിലേക്ക് വഴിതിരിച്ചുവിട്ട് ലഹരിയിൽ നിന്ന് സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുക.
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിന്റെ വിജയം താഴെത്തട്ടിൽ തുടർച്ചയായി നടപ്പാക്കുന്ന ശക്തമായ ജനകീയ ഇടപെടലുകളെ ആശ്രയിച്ചിരിക്കുന്നു. ജനപ്രതിനിധികൾ, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തകർ, കുടുംബശ്രീ പ്രതിനിധികൾ, യുവജന-വിദ്യാർത്ഥി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെ വാർഡുതല ജനജാഗ്രതാ സമിതികൾ കാര്യക്ഷമമാക്കും.
ഈ സമിതികൾ പ്രദേശത്തെ ലഹരി സംബന്ധമായ പ്രശ്നങ്ങൾ തിരിച്ചറിയുകയും, ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുകയും, ആവശ്യമായ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിലേക്കും സംവിധാനങ്ങളിലേക്കും വ്യക്തികളെ/കുടുംബങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യും.
'ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 28.09.2026-ന് മലപ്പുറം ജില്ലയിലെ എ.ആർ. നഗർ ഗ്രാമപഞ്ചായത്തിൽ വെച്ച് രാവിലെ 11.00 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശന് നിർവ്വഹിച്ചു. ചടങ്ങിൽ മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉദ്ഘാടന പരിപാടി കിലയുടെ സഹായത്തോടെ ലൈവ് സ്ട്രീം ചെയ്യുകയും, സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സമാന്തര ചടങ്ങുകൾ സംഘടിപ്പിക്കുകയും ചെയ്തു.
ഉദ്ഘാടന ദിനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നിർവഹിച്ച പ്രധാന കർമ്മപരിപാടികൾ:
പതാക ഉയർത്തൽ: സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും (941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ ഉൾപ്പെടെ 1200 സ്ഥാപനങ്ങൾ) അധ്യക്ഷന്മാർ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒരേസമയം "തൂഫാൻ പതാക" ഉയർത്തി.
ഫ്ലാഗ് ഉയർത്തൽ ചടങ്ങിന് ശേഷം തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, 'തൂഫാൻ വാരിയർ' ബാഡ്ജ് വിതരണം എന്നിവ നടന്നു.
സബ് ഇൻസ്പെക്ടർ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും വീഡിയോ പ്രദർശനവും.
ജനകീയ പങ്കാളിത്തം: ജനപ്രതിനിധികൾ, ജീവനക്കാർ, കുടുംബശ്രീ, ഹരിതകർമ്മ സേന, വിദ്യാർത്ഥികൾ, ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ, യുവജനങ്ങൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തം.
1.താഴെത്തട്ടിലുള്ള ജനകീയ പങ്കാളിത്തം
സ്പെഷ്യൽ തൂഫാൻ ഗ്രാമസഭകൾ: എല്ലാ വാർഡുകളിലും പ്രത്യേക ഗ്രാമസഭകൾ വിളിച്ച് ലഹരി ഭീഷണികളും പ്രാദേശിക പ്രശ്നങ്ങളും ചർച്ച ചെയ്യും.
കുടുംബശ്രീ - അയൽക്കൂട്ട ശൃംഖല: കുടുംബശ്രീ, ഹരിതകർമ്മ സേന എന്നിവരുടെ സഹായത്തോടെ ലഹരി വ്യാപന കേന്ദ്രങ്ങളും ശ്രദ്ധ ആവശ്യമുള്ള കുടുംബങ്ങളെയും കണ്ടെത്തും.
2.സുരക്ഷിതമായ വിവരശേഖരണം
രഹസ്യ വിവര കൈമാറ്റ സംവിധാനങ്ങൾ: ലഹരി വിൽപ്പനയും ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ സുരക്ഷിതമായി അറിയിക്കാൻ ടോൾ ഫ്രീ നമ്പറുകൾ, വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈനുകൾ, QR കോഡുകൾ എന്നിവ വ്യാപകമാക്കും.
3.'തൂഫാൻ കെയർ' പുനരധിവാസം
ജില്ലാ തൂഫാൻ കെയർ കമ്മിറ്റികൾ: ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ മനഃശാസ്ത്രജ്ഞർ, ഡി-അഡിക്ഷൻ വിദഗ്ദ്ധർ എന്നിവരെ ഉൾപ്പെടുത്തി തുടർപരിചരണവും പുനഃയോജനവും ഉറപ്പാക്കും.
ആഫ്റ്റർ കെയർ ഹോമുകൾ: ലഹരിമുക്തരായവർ വീണ്ടും ലഹരിയിലേക്ക് മടങ്ങിപ്പോകാതിരിക്കാൻ പിന്തുണ നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവരും.
4.വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും സുരക്ഷ
തൂഫാൻ ലഹരിവിരുദ്ധ ക്ലബ്ബുകൾ: സ്കൂൾ/കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലബ്ബുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും.
മാസം 1 - 3
സ്പെഷ്യൽ ഗ്രാമസഭകൾ, ക്യാമ്പസ് ബോധവൽക്കരണം, പ്രാദേശിക ഹോട്ട്സ്പോട്ടുകൾ കണ്ടെത്തൽ.
മാസം 4 - 6
രക്ഷിതാക്കൾക്ക് കൗൺസിലിംഗ് ക്യാമ്പുകൾ, യുവജനങ്ങൾക്കായി ലഹരിവിരുദ്ധ കായികമേളകളും കലാമത്സരങ്ങളും.
മാസം 7 - 9
രഹസ്യവിവര കൈമാറ്റ സംവിധാനങ്ങളുടെ പ്രചാരണം, മെഡിക്കൽ/ഡി-അഡിക്ഷൻ ക്യാമ്പുകൾ, തൊഴിലിടങ്ങളിലെ ബോധവൽക്കരണം.
മാസം 10 - 12
കുടുംബശ്രീ ഗൃഹസന്ദർശനങ്ങൾ, മെന്റിംഗ് ശിൽപശാലകൾ, മികച്ച വാർഡുകൾക്കും സ്ഥാപനങ്ങൾക്കും സംസ്ഥാനതല അംഗീകാരം.
ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളുടെയും ബോധവൽക്കരണ ക്ലാസുകളുടെയും ചിത്രങ്ങൾ താഴെ കാണാം:



